
മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ നടി രോഹിണി അവതരിപ്പിക്കുന്ന ഏകാംഗ നാടകത്തെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളും രാജ്യത്തെ കലാ - സാംസ്കാരിക പ്രവർത്തകരും ഉറ്റുനോക്കുന്നത്. പ്രളയൻ സംവിധാനം ചെയ്യുന്ന ഹാഫ് വിഡോസ്(അർധ വിധവകൾ) എന്ന ഏകാംഗ നാടകത്തെയാണ് രാജ്യത്തെ രാഷ്ട്രീയ - കലാ -സാംസ്കാരിക പ്രവർത്തകർ ഉറ്റുനോക്കുന്നത്. രാജ്യം ഭരിക്കുന്ന ബിജെപിക്കും അവരെ നിയന്ത്രിക്കുന്ന സംഘപരിവാറിനും ഇഷ്ടമില്ലാത്ത വിഷയമാണ് നടി രോഹിണി അരങ്ങിലെത്തിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
അർധ വിധവകൾക്ക് വേണ്ടി പോരാടുന്ന പർവീണ അഹങ്കറുടെയും, കത്വ പീഡന കൊലപാതക കേസിലെ ഇരയുടെയും, കാശ്മീരിൽ കാണാതാവുകയോ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയോ ചെയ്ത തങ്ങളുടെ ഭർത്താക്കന്മാർക്ക് എന്ത് സംഭവിച്ചു എന്നറിയാതെ അനിശ്ചിതത്വത്തിലായ സ്ത്രീകളുടെയും ജീവിതത്തിന്റെ ദൃശ്യാവിഷ്കാരമാണ് സംവിധായകൻ പ്രളയൻ രോഹിണിയിലൂടെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്നത്.
മനുഷ്യപുത്രൻ, സാ.വിജയലഷ്മി, കാവിൻമലർ, മായ ആഞ്ചലോ എന്നിവരുടെ കവിതകളിൽ നിന്നും എ.കരിന്റെ ചെറുകഥയിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ നാടകം. അമല മോഹൻ വോക്കൽ സപ്പോർട്ട്. ഡിജിറ്റൽ ശബ്ദ-ദൃശ്യ ഏകോപനം: ശരൺ സന്തോഷ്, അർഷാദ്, കാവിൻമലർ 15 ഓളം കലകാരന്മാരുടെ പ്രയത്നവും ഇതിന് പിന്നിലുണ്ട്.
തീർച്ചയായും ഭരണകൂടം മറക്കാനും മറയ്ക്കാനും ശ്രമിക്കുന്ന വിഷയമാണ് നടി രോഹിണി അരങ്ങിലെത്തിക്കുന്നത്. സിപിഎമ്മിന്റെ ദേശീയ സമ്മേളന വേദിയിലാണ് ഏകാംഗ നാടകത്തിന്റെ അരങ്ങേറ്റമെങ്കിലും ദേശീയ തലത്തിൽ തന്നെ ചർച്ചയാകുന്ന ദൃശ്യാവിഷ്കാരമാണിത് എന്നതും ശ്രദ്ധേയമാണ്. ഇതോടെ നടി രോഹിണിക്ക് എന്ത് സംഭവിക്കും എന്ന് കണ്ടറിയണം.
എമ്പുരാൻ സിനിമ വിവാദമായതിന് പിന്നാലെ സംഘപരിവാർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇതിന് പിന്നാലെ ചിത്രം റീ എഡിറ്റ് ചെയ്തെങ്കിലും സിനിമ നിർമ്മാതാവ് ഗോകുലം ഗോപാലനും പൃഥ്വിരാജിനുമെതിരെ കേന്ദ്ര ഏജൻസികൾ രംഗത്തെത്തിയിട്ടുണ്ട്. സംഘപരിവാറിന്റെ സൈബർ ആക്രമണങ്ങൾക്ക് പിന്നാലെയാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. ഗോകുലം ഗോപാലനെതിരെ ഇഡിയാണ് റെയ്ഡും അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.
നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ചാണ് വകുപ്പ് വിശദീകരണം തേടിയിരിക്കുന്നത്. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളിൽ അഭിനേതാവെന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എമ്പുരാൻ വിവാദവുമായി ഈ രണ്ട് കേസുകൾക്കും നേരിട്ട് ബന്ധമില്ലെങ്കിലും തങ്ങളുടെ എതിരാളികളെ നിശബ്ദരാക്കാൻ ബിജെപിയും കേന്ദ്രസർക്കാരും കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുണ്ട് എന്ന ആക്ഷേപം ശക്തമായി നിലനിൽക്കെയാണ് ഗോകുലം ഗോപാലനും പൃഥ്വിരാജിനുമെതിരെ കേന്ദ്ര ഏജൻസികൾ രംഗത്തെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ബിജെപിയേയും സംഘപരിവാറിനെയും അസ്വസ്ഥരാക്കുന്ന പ്രമേയവുമായി അരങ്ങിലെത്തുന്ന നടി രോഹിണിയും വേട്ടയാടലിന് ഇരയാകുമോ എന്ന ചോദ്യം ഉയരുന്നതും.











